Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

സങ്കര ജീവിതങ്ങള്‍, സങ്കടങ്ങള്‍

mangalam malayalam online newspaper

വിവര്‍ത്തനങ്ങള്‍ മലയാളിയുടെ വായനാലോകത്തെ സ്വാധീനിച്ചതുപോലെ മറ്റെങ്ങുമുണ്ടാകാനിടയില്ല. ശരാശരി വായനാനിലവാരം വച്ചുപുലര്‍ത്തുന്നവര്‍ ലോകക്ലാസിക്കുകള്‍ ആദ്യം കണ്ടിട്ടുണ്ടാകുക വിവര്‍ത്തനങ്ങളുടെ രൂപത്തില്‍തന്നെയാകും. എന്നാല്‍, മലയാളത്തില്‍ പുറത്തിറങ്ങിയ പുസ്‌തകം ഇംഗ്ലീഷിലേക്കുള്ള വിവര്‍ത്തനത്തിനുശേഷം മാത്രം നമുക്കിടയില്‍ പ്രശസ്‌തമാകുന്നു എന്നത്‌ കൗതുകമുണര്‍ത്തും. ജോണി മിറാന്‍ഡയെന്ന എഴുത്തുകാരനെക്കുറിച്ച്‌ നമ്മളില്‍ പലര്‍ക്കും അറിവുണ്ടായിരിക്കില്ല. 'ജീവിച്ചിരിക്കുന്നവര്‍ക്കുവേണ്ടിയുള്ള ഒപ്പീസ്‌' എന്ന നോവലും പുറത്തിറങ്ങി ഏറെക്കാലം ആരുമറിയാതെപോയി. പിന്നീട്‌ 'Requiem for the living' എന്ന പേരില്‍ ഓക്‌സ്ഫഡ്‌ യൂണിവേഴ്‌സിറ്റി പ്രസ്‌ പ്രസിദ്ധീകരിച്ചതോടെയാണു പുസ്‌തകത്തിന്റെ തലവിധി മാറിയത്‌.
തീരദേശവാസിയായ കൊച്ചിക്കാരന്റെ ജീവിതം വിവിധ അച്ചുകളിലിട്ടു പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും കീഴാള/ദളിത്‌ ജീവിതം പോലെ വേണ്ടവിവധത്തില്‍ വരച്ചുകാട്ടിയിട്ടുണ്ടോയെന്നു സംശയമാണ്‌. തനതുജീവിതത്തില്‍നിന്നും സങ്കരജീവിതത്തിലേക്കും അവിടെനിന്നു പരിഷ്‌കൃത സമൂഹത്തിലേക്കും വികസിക്കുമ്പോള്‍ പോര്‍ച്ചുഗീസ്‌/യൂറോപ്യന്‍ വികലമായ അനുകരണങ്ങളായിട്ടാണു ഈ സമൂഹം മാറുന്നത്‌. പേരും വസ്‌ത്രധാരണവും മുതല്‍ മദ്യാസക്‌തിവരെ.അതേസമയം ഭാഷയുടെയും ഭക്ഷണത്തിന്റെയും കാര്യത്തില്‍ അവര്‍ തദ്ദേശീയരുമാണ്‌. ഇത്തരത്തില്‍ അടിമുടി സങ്കീര്‍ണതകളുടെ രൂപമായി ആംഗ്ലോ ഇന്ത്യന്‍ സമൂഹം മാറി. ഇതേ സങ്കീര്‍ണതകള്‍ 'ജീവിച്ചിരിക്കുന്നവര്‍ക്കുവേണ്ടിയുള്ള ഒപ്പീസി'ല്‍ ചുരുക്കം വാക്കുകളില്‍ കൊണ്ടുവരാന്‍ ജോണി മിറാന്‍ഡയെന്ന എഴുത്തുകാരനു കഴിയുന്നുണ്ട്‌. മാജിക്കല്‍ റിയലിസമെന്ന 'മന്ത്രപദ്ധതി' ഇവിടേക്കു കടന്നു വരുന്നതും ഇത്തരത്തിലാണ്‌.
പരമ്പരാഗത ക്രിസ്‌ത്യന്‍ ജീവിതത്തില്‍ കണ്ടുവരുന്ന പതിവ്‌ ആചാരങ്ങള്‍ക്കപ്പുറം ആംഗ്ലോഇന്ത്യന്‍ ജീവിതത്തിലെ സാംസ്‌കാരിക പിരിവുകളാണ്‌ പള്ളിയോ പട്ടക്കാരനോ ഉണ്ടായിട്ടുപോലും സ്വന്തമായ ആചാരം പിന്തുടരുന്ന ജുവാണാ മമ്മാഞ്ഞിയെന്ന മുത്തശ്ശിയിലൂടെയും 'ജൂതക്കഴുവേറി'യെന്നു ക്രിസ്‌തുരൂപത്തെ തെറിവിളിക്കുന്ന, കപ്യാരായ ഫ്രണ്‍സോ പെരേരയിലുടെയും വരച്ചിടുന്നത്‌. ഫ്രണ്‍സോയുടെ മകന്‍ ജോസി പെരേരയെന്ന 'ഓശ'യിലൂടെയാണു കഥ വികസിക്കുന്നത്‌. പ്രൗഢമായ പോര്‍ച്ചുഗീസ്‌ പേരുകളാണ്‌ ഇവര്‍ക്കെല്ലാമുള്ളതെങ്കിലും തദ്ദേശീയ/സങ്കര ജീവിതത്തില്‍ ഇവര്‍ ജ്‌ജൂണയും ഓശയുമൊക്കെയായി മാറുന്നു.
എന്‍.എസ്‌. മാധവന്‍ 'ലന്തന്‍ ബത്തേരിയയിലെ ലുത്തിനിയകളി'ലും ടി.ഡി. രാമകൃഷ്‌ണന്‍ 'ഫ്രാന്‍സിസ്‌ ഇട്ടിക്കോര'യിലും കണ്ടതിനേക്കാള്‍ കൂറുപുലര്‍ത്താന്‍ സ്വസമുദായത്തില്‍നിന്നുള്ള എഴുത്തിനു കഴിയുന്നുണ്ട്‌. കുടുംബങ്ങളില്‍ സ്‌ത്രീകളുടെ അധികാരത്തിന്റെ അപ്രമാദിത്വവും വ്യക്‌തമാണ്‌. പുരുഷനാണു കഥ പറയുന്നതെങ്കിലും അതിന്റെ ഭാഷ വിധേയത്വമാണ്‌. ജ്‌ജൂണയെന്ന സ്‌ത്രീയ്‌ക്കു മുന്നില്‍ ഭര്‍ത്താവായ 'കാസ്‌പര്‍' എന്ന കയ്‌പ്പാര്‍ക്കുമില്ല ശബ്‌ദം. ഇതരനോവലുകളിലെ പുരുഷനിയന്ത്രിത സ്‌ത്രീ നേതൃത്വത്തിനപ്പുറം ഇവിടെ സ്‌ത്രീകള്‍ കുടുംബത്തിന്റെയും അവരെച്ചുറ്റിപ്പറ്റിയ സമൂഹത്തിന്റെയും ആജ്‌ഞാഗോപുരങ്ങളാകുന്നു. ഇവര്‍ ചുറ്റും നല്‍കുന്ന കരുതലും അതേ തോതിലുള്ള കാര്‍ക്കശ്യവും പുരുഷന്മാരെ അപ്രസക്‌തരാക്കുന്നു. ജ്‌ജൂണയെ എതിര്‍ത്തു കുടുംബത്തില്‍നിന്നിറങ്ങിയ ഓശയുടെ അമ്മയും ഒടുവില്‍ കരുത്തയായ മറ്റൊരു 'ജ്‌ജൂണ'യായിട്ടാണു പരിണമിക്കുന്നത്‌. മരിച്ചടക്കു കഴിഞ്ഞു വര്‍ഷങ്ങള്‍ക്കപ്പുറം ജ്‌ജൂണ മമ്മാഞ്ഞിക്കു കല്ലറയില്‍ പോലുമില്ല നാശം.
സങ്കരസംസ്‌കാരത്തിന്റെ പ്രത്യേകതകള്‍ നോവലില്‍ എല്ലായിടത്തുമുണ്ട്‌. കാപ്പിരി ദൈവത്തെ ആരാധിക്കുന്ന ഒരു വിഭാഗം മട്ടാഞ്ചേരിയിലുണ്ടായിരുന്നു. ഒറ്റവാക്കില്‍ ഈ സൂചന നല്‍കുന്നു. സ്വന്തം കുടുംബത്തിലും ചുറ്റുവട്ടത്തും തിരഞ്ഞുണ്ടാക്കിയ കഥാപരിസരംതന്നെയെന്നതു കഥാഘടനയുടെ ഈടുറപ്പും കൂട്ടുന്നു. പൂര്‍ണമായും സ്‌ത്രീ കേന്ദ്രീകൃത ജീവിതത്തില്‍ കഥാനായകന്‍ /കഥപറയുന്നയാള്‍ക്ക്‌ ലൈംഗികവേഴ്‌ചയില്‍ പോലും മുന്‍കൈയെടുക്കാന്‍ കഴിയുന്നില്ല. ഗര്‍ഭിണിയെ അടക്കുന്ന ശവക്കുഴിയില്‍നിന്നു ലഭിച്ച സ്വര്‍ണത്താക്കോലിന്റെ പൂട്ട്‌ അന്വേഷിച്ചു നടക്കുന്ന നിസഹായനാകുമ്പോള്‍ മമ്മാഞ്ഞിയിലൂടെ അതേസമൂഹം കത്തോലിക്കാ വിശ്വാസത്തിന്റെ ഉന്നതങ്ങളിലുമെത്തുന്നു. സ്വന്തം കുടുംബത്തില്‍നിന്നും, മകളുടെ ജീവിതം തകര്‍ത്ത കാമുകനൊപ്പം ഇറങ്ങിപ്പോകുന്ന മമ്മയ്‌ക്ക് തകര്‍ച്ചകള്‍ക്കൊടുവില്‍ അതേ ലാഘവത്തോടെ തിരിച്ചെത്താന്‍ കഴിയുമ്പോള്‍ പിതാവിന്റെ ഒഴിവില്‍ കപ്യാരായി മാറിയ ഓശയ്‌ക്കു പുറത്തുകടക്കലും/അകത്തുകയറലുമൊക്കെ സങ്കീര്‍ണമാകുന്നു. നോവലിലെ പുരുഷന്മാരെല്ലാം ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ജീവിതത്തില്‍നിന്ന്‌ ഒളിച്ചോടുന്നവരാണ്‌. പുരുഷനിയന്ത്രിത സമൂഹത്തിന്റെ മറുപുറമാണീ ജീവിതം. സങ്കര ജീവിതം നല്‍കിയ ആശങ്കയും ആശയക്കുഴപ്പവുമാണ്‌ ഇവരെ ഇത്തരത്തിലേക്ക്‌ എത്തിച്ചേര്‍ത്തതെന്നു വിവക്ഷിക്കാം. കൊച്ചിയില്‍നിന്നു പുറപ്പെട്ടു പോര്‍ച്ചുഗീസുകാരനാകാതെ പോകുന്ന വൈപരീത്യസംസ്‌കാരത്തിന്റെ ഇരകളെന്ന നിലയില്‍ ഈ നോവല്‍ വരച്ചിടുന്ന ആളുകളും കാലവും ഒരു യാഥാര്‍ഥ്യമാണ്‌. ഇന്നും ഇതിനു പകര്‍പ്പുകളെ കണ്ടെത്താനാകും. അതു ചെറുക്യാന്‍വാസിലേക്കു പകര്‍ത്തുക അതിലും സങ്കീര്‍ണം. ഈ പരിമിതി മറികടക്കാനും ഇരുത്തി വായിപ്പിക്കാനും കഴിയുന്നു എന്നതാണീ നോവലിന്റെ വിജയം. ഇരുത്തംവന്ന രചനയുടെ കൈയടക്കം ഭാഷയിലേക്കു കൊണ്ടുവരാനും എഴുത്തുകാരന്‌ അനായാസം കഴിഞ്ഞു.

ജീവിച്ചിരിക്കുന്നവര്‍ക്കുവേണ്ടിയുള്ള ഒപ്പീസ്‌ (നോവല്‍)
ജോണി മിറാന്‍ഡ
പൂര്‍ണ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌
വില: 85

സി.എസ്‌. ദീപു

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • ഞാന്‍ ചാവറ

  ഡോ. മാത്യു മാമ്പ്ര ചാവറയച്ചന്റെ സഞ്ചാരവഴികള്‍ പിന്‍തുടരാനും പുതുതലമുറയ്‌ക്ക്...

 • സര്‍ഗമാധുരി

  കേശിനി കൃഷ്‌ണന്‍ പാറശാല ചന്ദനച്ചാറൊഴുക്കുന്ന രാത്രികളെ ശബളിതമാക്കുന്ന ഓര്‍മകളോരോന്നായി...

 • താളം പിഴയ്‌ക്കുന്നത്‌ ആര്‍ക്കാണ്‌?

  ഡോ. ഷാലു കോയിക്കര കുട്ടികളുടെ വ്യക്‌തിത്വ പ്രത്യേകതകളോ വൈയക്‌തിക ശേഷികളോ...

 • ചന്ദ്രയാന്‍

  കാരൂര്‍ സോമന്‍ ചന്ദ്രപര്യവേഷണങ്ങള്‍ക്കായി ചന്ദ്രനിലേക്ക്‌ ഇന്ത്യയയച്ച...

 • ജീവിത പങ്കാളിയെ അറിയാന്‍

  ജെയ്‌സന്‍ കൊച്ചുവീടന്‍ വിജയകരമായ കുടുംബ ജീവിതത്തിനുള്ള മാര്‍ഗരേഖകള്‍ വരച്ചുകാട്ടുന്ന...

 • മദ്യശാല

  എഡിറ്റര്‍: വി.ആര്‍. സുധീഷ്‌ മധുചഷകങ്ങളാല്‍ ഭാവനയുടെയും ഉന്മാദത്തിന്റെയും വീര്യം പകരുന്ന...

 • മാലാഖമാര്‍ കരയുന്നു

  ഡോ. കെ. ശ്രീകുമാര്‍ മാതാപിതാക്കളുടെ പിടിവാശിക്കു മുന്നില്‍ കുടുംബ കോടതികള്‍ കയറിയിറങ്ങി...

Back to Top