Main Home | Feedback | Contact Mangalam
Ads by Google

കാലവര്‍ഷമെത്തി; മുന്നൊരുക്കങ്ങള്‍ വെള്ളത്തില്‍

mangalam malayalam online newspaper

കാലവര്‍ഷം തുടങ്ങി, ഒപ്പം ദുരിതവും. പകര്‍ച്ചവ്യാധി മുതല്‍ പ്രകൃതിക്ഷോഭംവരെ ദുരിതം പേറാനാണ്‌ എല്ലാവര്‍ഷവും കേരളക്കരയുടെ വിധി. അവ നേരിടാന്‍ മുന്‍കൂറായി പല പദ്ധതികളും കൊട്ടിഘോഷിക്കപ്പെടും. എന്നിട്ടും അവസാനിക്കാത്തതായി ഒന്നു മാത്രം; ദുരിതങ്ങള്‍.
കോഴിക്കോട്‌ നഗരത്തില്‍ മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. കോര്‍പറേഷനിലെ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ തസ്‌തിക രണ്ടുവര്‍ഷമായി ഒഴിഞ്ഞുകിടക്കുന്നു. പകരം ഹെല്‍ത്ത്‌ സൂപ്പര്‍ വൈസറുടെ നേതൃത്വത്തിലാണ്‌ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്‌.
കഴിഞ്ഞ ദിവസം നഗരപരിധിയിലെ എലത്തൂരില്‍ അഞ്ചുപേര്‍ക്ക്‌ സെറിബ്രല്‍ മലേറിയ റിപ്പോര്‍ട്ട്‌ ചെയ്‌തതോടെ ഭയാശങ്ക ഇരട്ടിച്ചു. പലവിധ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോള്‍ നഗരത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കേണ്ട ഹെല്‍ത്ത്‌ സൂപ്പര്‍ വൈസര്‍ പുനെയിലാണ്‌. കോഴിക്കോട്‌ നഗരത്തില്‍ മേയര്‍ ഇല്ലാത്തതും ശുചീകരണ പ്രവൃത്തികളെ ബാധിച്ചിട്ടുണ്ട്‌.
വയനാട്ടില്‍ പകര്‍ച്ചവ്യാധികള്‍ തടയാന്‍ സര്‍ക്കാര്‍ ആശുപത്രികള്‍ സജ്‌ജമായിട്ടില്ല. ജില്ലയില്‍ 55 ഡോക്‌ടര്‍മാരുടെയും വിവിധ ജീവനക്കാരുടെയും പി.എച്ച്‌. സൂപ്പര്‍വൈസര്‍മാരുടെയും തസ്‌തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്‌. ഇവിടെ ഡെങ്കിപ്പനി കേസുകള്‍ വര്‍ധിച്ചുവരുകയാണ്‌. ഈ വര്‍ഷം ഇതുവരെ 64 ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ടെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാദേവി പറഞ്ഞു.
കണ്ണൂരിലും സര്‍ക്കാര്‍ ആശുപത്രികളുടെ രോഗാവസ്‌ഥ യാണു പ്രധാനപ്രശ്‌നം. ജില്ലയില്‍ 126 ഡോക്‌ടര്‍മാരുടെയും 89 നഴ്‌സുമാരുടെയും ഒഴിവുകള്‍ നികത്താനായിട്ടില്ല. അതുകൊണ്ട്‌ ആശുപത്രികളില്‍ മതിയായ ചികിത്സലഭിക്കുമെന്ന്‌ യാതൊരുറപ്പുമില്ല. മഴക്കാലമെത്തുന്നതോടെ പനിയും പകര്‍ച്ചവ്യാധിയും വ്യാപകമാകുമെന്ന ആശങ്കയ്‌ക്കിടെയാണു ശുശ്രൂഷകരുടെ കുറവ്‌ പ്രതിസന്ധിയാകുന്നത്‌. നഗരങ്ങളിലെ വെള്ളക്കെട്ട്‌ ഒഴിവാക്കാന്‍ ഓടകള്‍ വൃത്തിയാക്കുന്ന പ്രവൃത്തികളാണ്‌ അവസാനനിമിഷം ധൃതിപിടിച്ച്‌ നടപ്പാക്കുന്നത്‌. പല ആശുപത്രികളിലും രാത്രികാലങ്ങളില്‍ അത്യാഹിത വിഭാഗം പേരിനു മാത്രമാണു പ്രവര്‍ത്തിക്കുന്നത്‌. സര്‍ക്കാര്‍ ആശുപത്രികളിലെ രക്‌തപരിശോധനാ ലാബിന്റെ പ്രവര്‍ത്തനവും കാര്യക്ഷമമല്ല.
ആലപ്പുഴയില്‍ ഡെങ്കിപ്പനി, എലിപ്പനി, വൈറല്‍പ്പനി, ചിക്കന്‍പോക്‌സ്‌, വയറിളക്കരോഗങ്ങള്‍ എന്നിവ പടര്‍ന്നുപിടിക്കുകയാണ്‌. ഇത്തവണ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങള്‍ മുന്നോട്ടുവന്നില്ല.
കൊതുകുജന്യരോഗങ്ങള്‍ പടര്‍ന്നതോടെ ജില്ലാ വെക്‌ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കൊതുകു നശീകരണപ്രവര്‍ത്തനങ്ങള്‍ രണ്ടുദിവസം മുമ്പാണ്‌ ആരംഭിച്ചത്‌.
ജില്ലയുടെ തീരത്ത്‌ കടലാക്രമണവും രൂക്ഷമായി. പുറക്കാട്‌, അമ്പലപ്പുഴവടക്ക്‌, ചേര്‍ത്തല ഭാഗങ്ങളില്‍ 2013 മുതല്‍ അടിയന്തര കടല്‍ഭിത്തി നിര്‍മാണം നടത്തിയ കരാറുകാര്‍ക്ക്‌ ഇതുവരെയും പണം നല്‍കിയില്ലെന്നു പരാതിയുണ്ട്‌. തിരുവനന്തപുരത്ത്‌ കുമിഞ്ഞു കൂടിക്കിടക്കുന്ന മാലിന്യങ്ങളാണു പ്രതിസന്ധിയാകുന്നത്‌. ഇതിന്റെ നീക്കം ഇതുവരെ പൂര്‍ണമായിട്ടില്ല. യന്ത്രസഹായത്തോടെ മാലിന്യം നീക്കാനുള്ള പ്രവര്‍ത്തനങ്ങളാണ്‌ ഇപ്പോള്‍ നടക്കുന്നത്‌.
എറണാകുളം ജില്ലയില്‍ കൊച്ചി നഗരത്തിലെ വെള്ളക്കെട്ടാണു മുഖ്യവിഷയം. മെട്രോയ്‌ക്കായി പി.ഡബ്ല്യു.ഡി., കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനു കൈമാറിയ റോഡുകളില്‍ മഴക്കാല പൂര്‍വ മുന്നൊരുക്കങ്ങള്‍ നടന്നില്ല. എം.ജി. റോഡ്‌, ബാനര്‍ജി റോഡ്‌, ഷണ്മുഖം റോഡ്‌, ബ്രോഡ്‌ വേ തുടങ്ങിയ പ്രധാന റോഡുകളിലെല്ലാംകനത്ത വെള്ളക്കെട്ടാണ്‌. ഇതുമൂലം വലിയ ഗതാഗതക്കുരുക്കാണ്‌ നഗരം നേരിടുന്നത്‌. കാനകളുടെ കവര്‍സ്ലാബ്‌ തകര്‍ന്ന്‌ അപകടകരമായ അവസ്‌ഥയിലാണ്‌.
പത്തനംതിട്ടയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചകളില്‍ മാത്രമാണ്‌. സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുക്കങ്ങളൊന്നുമായിട്ടില്ല. രോഗികളെ ചികിത്സിക്കാന്‍ വേണ്ടത്ര ഡോക്‌ടര്‍മാര്‍ പലയിടത്തുമില്ലെന്ന്‌ ഡി.എം.ഒ. തന്നെ വ്യക്‌തമാക്കുന്നു. ആകെ 59 ഡോക്‌ടര്‍മാരുടെ കുറവാണു വിവിധ സര്‍ക്കാര്‍ ആശുപത്രികളിലുള്ളത്‌.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ 15 ഡോക്‌ടര്‍മാരുടെ ഒഴിവുകളുണ്ട്‌. നഴ്‌സുമാരുടെയും ഫാര്‍മസിസ്‌റ്റുകളുടെയും ഒഴിവുകള്‍ ജില്ലയില്‍ ധാരാളമാണ്‌. മഴക്കാലപൂര്‍വ പ്രതിരോധപ്രവര്‍ത്തനങ്ങളും പാളിപ്പോയി. ഡെങ്കിപ്പനി ബാധിച്ച്‌ ഒരുദിവസം പത്തുപേരെയെങ്കിലും ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നുണ്ട്‌.
എലിപ്പനിക്കും ശമനമില്ല. പ്രളയഭീഷണി പരത്തുന്ന പമ്പ, മണിമല, അച്ചന്‍കോവില്‍ നദി തീരങ്ങളില്‍ താഴ്‌ന്ന പ്രദേശങ്ങളില്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്‍കരുതല്‍ എടുത്തിട്ടില്ല.
അതേസമയം വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ക്കുവേണ്ട മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതും കണ്ണൂരില്‍ മഴക്കാലപൂര്‍വ പ്രവര്‍ത്തനങ്ങള്‍ ജില്ലയെ അഞ്ചുമേഖലകളിലാക്കി തിരിച്ചു നടക്കുന്നതുമാണ്‌ പ്രതീക്ഷ പകരുന്നത്‌.
തിരുവനന്തപുരത്തു മഴക്കാല പൂര്‍വ ശുചീകരണം മികച്ചരീതിയില്‍ നടന്നതായാണു വിവരം. ആശുപത്രികളില്‍ പനിവാര്‍ഡുകളും പനി ക്ലിനിക്കുകളും തുടങ്ങാന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top