Main Home | Feedback | Contact Mangalam
Ads by Google

ഗുരുവിനെ കണ്ടെത്തിയ കഥ

mangalam malayalam online newspaper

ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിനു സമീപത്താണ്‌ തുഞ്ചന്‍ ഗുരുകുലം. 1980ല്‍ അവിടെയൊരു പെയിന്റിംഗ്‌ ക്യാമ്പ്‌ നടക്കുകയാണ്‌. ലളിതകലാ അക്കാദമിയുടെ ആ ക്യാമ്പില്‍ തിരുവനന്തപുരം ഫൈന്‍ആര്‍ട്‌സ് കോളജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയായ ഞാനുമുണ്ടായിരുന്നു. ക്യാമ്പിന്റെ ഭാഗമായുള്ള എക്‌സിബിഷന്‍ ഉദ്‌ഘാടനം ചെയ്ുയന്നത്‌ പുണ്ഡലിക ഷേണായി എന്നൊരാളാണ്‌. സംവിധായകന്‍ ജോണ്‍ ഏബ്രഹാമിനെ പോലെ മുടിയൊക്കെ നീട്ടി വളര്‍ത്തിയ ഒരു മനുഷ്യന്‍.

ചടങ്ങ്‌ ആരംഭിക്കുന്നതിനു വളരെ നേരത്തേതന്നെ അദ്ദേഹം അവിടെയെത്തിയിരുന്നു. വ്യത്യസ്‌തരായ ആളുകളെ കണ്ടാല്‍ അവരുടെ പോര്‍ട്രെയിറ്റ്‌ വരയ്‌ക്കുന്ന സ്വഭാവം അന്നേ എനിക്കുണ്ട്‌. പുണ്ഡലിക ഷേണായിയെ കണ്ടപ്പോഴും എനിക്കു വരയ്‌ക്കാന്‍ തോന്നി. ഗുരുകുലത്തിലെ ശാന്തമായ അന്തരീക്ഷവും അതിനെന്നെ സഹായിച്ചു. ഞാന്‍ കാര്യം പറഞ്ഞപ്പോള്‍ ഒരു മടിയും കൂടാതെ അദ്ദേഹം എനിക്കു മുമ്പില്‍ ഇരുന്നു. കുറച്ചുനേരം കൊണ്ട്‌ ഞാന്‍ ആ പോര്‍ട്രെയിറ്റ്‌ പൂര്‍ത്തിയാക്കി അദ്ദേഹത്തെ കാണിച്ചു. അദ്ദേഹത്തിനത്‌ ഏറെയിഷ്‌ടപ്പെട്ടു. പിന്നീട്‌ എന്നെ പരബ്രഹ്‌മ ക്ഷേത്രത്തിനുള്ളിലെ കാവിനകത്തേക്കു കൂട്ടിക്കൊണ്ടുപോയി. എന്നിട്ട്‌ ചോദിച്ചു.

''ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്താണ്‌?''
''കഴിയുമെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ ശില്‍പം ചെയ്യണം.''

ചോദ്യത്തിന്‌ അപ്പോള്‍തന്നെ മറുപടി നല്‍കി. ശില്‍പകലയില്‍ കാനായി കുഞ്ഞിരാമന്റെ ശിഷ്യനായിരുന്നു ഞാന്‍. അദ്ദേഹത്തെപ്പോലെ വലിയ ശില്‍പങ്ങള്‍ ചെയ്യണമെന്നും അറിയപ്പെടുന്ന ശില്‍പിയാകണമെന്നും പണ്ടേ മോഹിച്ചിരുന്നു. അതു മനസില്‍വച്ചുകൊണ്ടാണ്‌ പുണ്ഡലിക ഷേണായിയോട്‌ മറുപടി പറഞ്ഞത്‌. കുറച്ചു നേരം ആലോചിച്ച ശേഷം ഷേണായി പറഞ്ഞു.
''നടക്കും. പക്ഷേ അതിനു നിങ്ങള്‍ മാത്രം വിചാരിച്ചാല്‍ പോരാ. ഒരു സ്‌പിരിച്വല്‍ സപ്പോര്‍ട്ട്‌ വേണം. നിങ്ങള്‍ക്ക്‌ ഒരു ഗുരുവുണ്ട്‌. ആ ഗുരു വേണം നിങ്ങളെ ഉയര്‍ത്തിവിടാന്‍.''

ആരാണ്‌ ആ ഗുരുവെന്ന്‌ അപ്പോള്‍ത്തന്നെ ഞാന്‍ ചോദിച്ചു. തനിക്കും അതറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
''എന്നെ വരച്ചുകൊണ്ടിരിക്കുമ്പോള്‍ നിങ്ങളുടെ കണ്ണുകളില്‍ കണ്ടതാണ്‌ ഞാന്‍ പറഞ്ഞുതരുന്നത്‌. എനിക്ക്‌ അങ്ങനെയൊരു കഴിവുണ്ട്‌. അതുകൊണ്ട്‌ എത്രയും പെട്ടെന്നു ഗുരുവിനെ കണ്ടെത്തുക.''

ഗുരു ആരാണെന്നു പറഞ്ഞില്ലെങ്കിലും ഗുരുവിന്റെ ഏകദേശരൂപം അദ്ദേഹം പറഞ്ഞുതന്നിരുന്നു.
''ഗുരുവിനു വെള്ളവസ്‌ത്രമായിരിക്കും. താടിയോ മുടിയോ ഇല്ല. പരബ്രഹ്‌മ ആരാധനയുള്ള വിശ്വാസിയായിരിക്കും.''
എന്നെ ചിന്താക്കുഴപ്പത്തിലാക്കിയിട്ട്‌ അദ്ദേഹം പോയി. ഗുരുവിനെ കണ്ടെത്താന്‍ ഒരെളുപ്പവഴിയും അദ്ദേഹം പറഞ്ഞുതന്നിരുന്നു-ഏതെങ്കിലുമൊരു ആജീവനാന്തവ്രതം എടുക്കുക.

അന്നു മുതല്‍ ഞാന്‍ മാംസാഹാരം പരിപൂര്‍ണമായി ഉപേക്ഷിച്ച്‌ വെജിറ്റേറിയന്‍ ആയി. പിന്നീടങ്ങോട്ട്‌ ഞാന്‍ ഗുരുവിനായുള്ള അന്വേഷണമായിരുന്നു. ആ സമയങ്ങളില്‍ ഞാന്‍ ചെയ്യുന്ന ജോലിക്കൊന്നും ഒരു പൂര്‍ണത കിട്ടിയിരുന്നില്ല. 1986ല്‍ ആദ്യമായി ഞാനൊരു സിനിമ സംവിധാനം ചെയ്‌തു- അമ്മാനംകിളി. കുട്ടികള്‍ക്കു വേണ്ടിയുള്ള ആ സിനിമ റിലീസായില്ല. എന്നാല്‍ 'അമ്മാനംകിളി'ക്ക്‌ അംഗീകാരങ്ങളൊക്കെ ലഭിച്ചു. പിന്നീട്‌ തമിഴില്‍ 'തങ്കക്കൊലുസ്‌' എന്ന ചിത്രം സംവിധാനം ചെയ്‌തു. അതും റിലീസായില്ല. അതിനിടയില്‍ വിവാഹം കഴിഞ്ഞു. അപ്പോഴും ഗുരുവിനുവേണ്ടി ഞാന്‍ പലയിടത്തും അലഞ്ഞു.

പതിനഞ്ചു വര്‍ഷമാവുന്ന ഘട്ടത്തില്‍ യാദൃച്‌ഛികമായാണ്‌ തിരുവനന്തപുരത്തെ ശാന്തിഗിരി ആശ്രമത്തിലെത്തുന്നത്‌. വെള്ളവസ്‌ത്രം ധരിച്ച സാക്ഷാല്‍ കരുണാകര ഗുരുവിനെ കണ്ടപ്പോള്‍, ഇതുതന്നെയാണു ഞാന്‍ അന്വേഷിച്ച ഗുരുവെന്ന്‌ എനിക്കു മനസിലായി. മാത്രമല്ല, പുണ്ഡലിക ഷേണായി പറഞ്ഞ തെളിവുകളെല്ലാം ശരിയായിരുന്നു. മുടിയും താടിയുമില്ല. വെള്ളവസ്‌ത്രമാണ്‌ വേഷം. പരബ്രഹ്‌മ ആരാധനയുള്ള വിശ്വാസിയാണ്‌. കണ്ട സമയത്ത്‌ സംസാരിച്ചതു മുഴുവനും എന്റെ കാര്യമായിരുന്നു. സിനിമാസംവിധായകനാണ്‌ എന്നു പറഞ്ഞപ്പോള്‍ 'നല്ല കലാപരമായ സിനിമകള്‍ എടുക്കണം.' എന്നായിരുന്നു ഗുരുവിന്റെ ഉപദേശം. ശില്‍പം ചെയ്യണമെന്നും ഗുരു പറഞ്ഞു.

പിന്നീട്‌ ഞാന്‍ സംവിധാനം ചെയ്‌ത ബട്ടര്‍ഫ്‌ളൈസ്‌, കാശ്‌മീരം, ഗുരു എന്നീ ചിത്രങ്ങള്‍ അക്കാലത്ത്‌ ശ്രദ്ധിക്കപ്പെട്ടു. ആദ്യത്തെ കൂടിക്കാഴ്‌ചയില്‍ത്തന്നെ കരുണാകരഗുരുവിനെ ഞാന്‍ എന്റെ ഗുരുവായി സ്വീകരിച്ചു. ഇപ്പോള്‍ ചടയമംഗലത്തെ ജടായുപ്പാറയില്‍ ജടായു ശില്‍പത്തിന്റെ പണിപ്പുരയിലാണ്‌. പണി പൂര്‍ത്തിയായാല്‍ ഏഷ്യയിലെ ഏറ്റവും വലിയ ശില്‍പമാകും അത്‌. എന്റെ ജീവിതത്തില്‍ പിന്നീട്‌ ഒരുപാടു നല്ല മാറ്റങ്ങള്‍ സംഭവിച്ചു. ജീവിതം അര്‍ഥവത്താക്കിയ എന്റെ ഗുരുവിനെ കാണിച്ചുതന്ന പുണ്ഡലിക ഷേണായിയെ പിന്നീട്‌ ഒരിടത്തും കണ്ടെത്താനായില്ല. ബാങ്ക്‌ ഓഫീസറായിരുന്ന അദ്ദേഹം ഇന്നെവിടെയായിരിക്കും.?

തയാറാക്കിയത്‌: രമേഷ്‌ പുതിയമഠം

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top