Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

ഭക്‌ത ജനസാഗരത്തെ സാക്ഷിയാക്കി കൊട്ടിയൂരില്‍ ആലിംഗന പുഷ്‌പാജ്‌ഞലി നടന്നു,ഇന്ന്‌ തൃക്കൂര്‍ അരിയളവും തിരുവാതിര ചതുശ്ശതവും

പേരാവൂര്‍: കൊട്ടിയൂര്‍ വൈശാഖോത്സവത്തിലെ മൂന്നാമത്തെ ആരാധനയായ രോഹിണി ആരാധന ഭക്‌തിയുടെ നിറവില്‍ നടന്നു. പതിനായിരക്കണക്കിന്‌ ഭക്‌തരെ സാക്ഷിയാക്കി ആലിംഗന പുഷ്‌പാജ്‌ഞലിയും നടന്നു. ഇന്ന്‌ തൃക്കൂര്‍ അരിയളവും തിരുവാതിര ചതുശ്ശതവും നടക്കും.ഇന്നലെ ഉച്ചയോടെ സ്വയം ഭൂവില്‍ തുളസിക്കതിരും തിര്‍ത്ഥവും സമര്‍പ്പിച്ച്‌ കുറുമാത്തൂര്‍ ഇല്ലത്തെ മുതിര്‍ന്ന അംഗം പരമേശ്വരന്‍ നമ്പൂതിരിപ്പാട്‌ പതിനഞ്ച്‌ മിനുറ്റോളം സ്വയം ഭൂവിനെ ആലിംഗനം ചെയ്‌ത്‌ നടത്തിയ ആലിംഗന പുഷ്‌പാജ്‌ഞാലിയും ഭക്‌തരുടെ ഓംകാര മന്ത്രവും ഒപ്പം മഴയും സന്നിധാനം ഭക്‌തിയുടെ ആനന്ദലഹരിയില്‍ മുങ്ങി. തുടര്‍ന്ന്‌ സ്വര്‍ണം,വെള്ളി കുംഭങ്ങള്‍ എഴുന്നള്ളിച്ച്‌ പൊന്നിന്‍ ശീവേലിയും നടന്നു.കുടിപതികള്‍,വാളശന്‍മാര്‍,കാര്യത്ത്‌ കൈക്കോളന്‍,പാട്ടാളി എന്നിവര്‍ക്കായി ഭണ്ഡാരയറയ്‌ക്കു മുന്നില്‍ സദ്യയും നടത്തി. സന്ധ്യയ്‌ക്ക്‌ ബാബുരാളര്‍ സമര്‍പ്പിച്ച പാലമൃത്‌ എന്ന്‌ വിളിക്കപ്പെടുന്ന പഞ്ചഗവ്യം സ്വയംഭൂ വിഗ്രഹത്തില്‍ അഭിഷേകം ചെയ്‌തു.വേക്കളത്തിനടുത്ത്‌ കരോത്ത്‌ നായര്‍ തറവാട്ടില്‍ നിന്നാണ്‌ പാലമൃത്‌ എഴുന്നള്ളിച്ച്‌ കൊണ്ടു വന്നത്‌.പന്തീരടി കാമ്പ്രം സ്‌ഥാനിക ബ്രാഹ്‌മണന്‍ ആരാധന പൂജയോടെ നടത്തി. കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിലെ നാല്‌ ചതുശ്ശതങ്ങളില്‍ ആദ്യത്തേതായ തിരുവാതിര ചതുശ്ശതവും തൃക്കൂര്‍ അരിയളവും ഇന്ന്‌ നടക്കും. കോട്ടയം സ്വരൂപത്തിലെ സ്‌ത്രീകള്‍ക്ക്‌ പന്തീരടികാമ്പ്രം നമ്പൂതിരിപ്പാട്‌ നിശ്‌ചിത അളവ്‌ അരി സ്വര്‍ണത്തളികയില്‍ പകര്‍ന്ന്‌ നല്‍കും. രാത്രി പൂജയ്‌ക്ക്‌ശേഷം നാലു തറവാട്ടിലെ സ്‌ത്രീകള്‍ക്ക്‌ മണിത്തറയില്‍ വെച്ച്‌ അരി നല്‍കും. ഏഴില്ലക്കാര്‍ക്ക്‌ പഴവും ശര്‍ക്കരയും നല്‍കും. തൃക്കൂര്‍ അരിയളവിന്‌ മാത്രമാണ്‌ താറവാട്ടുകാരായ സ്‌ത്രീകള്‍ക്ക്‌ അക്കരെ ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടാകാറുള്ളു. തിരുവാതിര, പുണര്‍തം, ആയില്യം,അത്തം എന്നീ നാളുകളിലാണ്‌ ചതുശ്ശതം അഥവാ വലിയവട്ടളം പായസം ദേവന്‌ നിവേദിക്കുന്നത്‌. തിരുവാതിര പന്തീരടിയോടെയാണ്‌ തിടപ്പള്ളിയില്‍ പായസ നിര്‍മ്മാണം ആരംഭിക്കുക.100 ഇടങ്ങഴി അരി,100 നാളികേരം, 100 കിലോ ശര്‍ക്കരയും നെയ്ും ചയേര്‍ത്താണ്‌ പായസം തയ്യാറാക്കുക.മണിത്തറയില്‍ വെച്ചും കോവിലകം കയ്യാലയില്‍ വെച്ചും പായസ നിവേദ്യം വിതരണം ചെയ്യും.രോഹിണി ആരാധനയക്ക്‌ അക്കരെകൊട്ടിയൂരും പരിസരവും ഭക്‌തജനങ്ങളാല്‍ നിറഞ്ഞ്‌ കവിയുന്ന കാഴ്‌ചയായിരുന്നു. ഞായറാഴ്‌ച പുലര്‍ച്ചെ തന്നെ കിഴക്കെ പടിഞ്ഞാറെ നടകളിലെ ദര്‍ശനത്തിനായുള്ള ക്യൂ ബാവലിപ്പുഴയും കടന്ന്‌ പോയതോടെ പോലീസും ദേവസ്വം താല്‌കാലിക ജീവനക്കാരും ജനങ്ങളെ നിയന്ത്രിക്കാന്‍ വളരെയധികം പാടുപെട്ടു. മണിക്കൂറോളം ക്യു നിന്നാണ്‌ ഭക്‌തജനങ്ങള്‍ക്ക്‌ ദര്‍ശനം സാധ്യമായത്‌.അക്കരെ സന്നിധിയില്‍ ഇരിട്ടി ഡി.വൈ.എസ്‌.പി സുദര്‍ശനന്‍,പേരാവൂര്‍ സി.ഐ സുനില്‍കുമാര്‍,കേളകം എസ്‌.ഐ.എം രാജേഷ്‌ എന്നിവരുടെ നേതൃത്വത്തില്‍ ഭക്‌തരെ നിയന്ത്രിച്ചു.കൂടാതെ ദേവസ്വം താല്‌കാലിക ജീവനക്കാരുടെ സുത്യര്‍ഹമായ ഇടപെടല്‍ ഭക്‌തജനങ്ങള്‍ക്ക്‌ യാതൊരു തടസ്സവും കൂടാതെ ദര്‍ശനം സാധ്യമാക്കി. രാവിലെ മുതല്‍ കേളകം മുതല്‍ കൊട്ടിയൂര്‍ വരെ വാഹനഗതാഗതവും അനുഭവപ്പെട്ടു.കൊട്ടിയൂരിലേക്ക്‌ വരുന്ന വാഹനങ്ങള്‍ ഇരട്ടത്തോടില്‍ നിന്ന്‌ സമാന്തര റോഡിലേക്ക്‌ തിരിച്ചു വിട്ടാണ്‌ ഗതാഗതം പോലീസ്‌ നിയന്ത്രിച്ചത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top